Monday, November 23, 2009

ആസിയാൻ കരാറും കർഷകരും

അസോസിയേഷൻ ഓഫ് സൌത്ത് ഇസ്റ്റ് ഏഷ്യൻ നേഷൻസ് എന്ന ആസിയാൻ, ദക്ഷിണപുർവ്വ ഏഷ്യയിലെ പത്ത് രാജ്യങ്ങളുടെ കൂട്ടായ്മയാണ്. ഈ കൂട്ടായ്മ ചൈന, അമേരിക്ക അടക്കമുള്ള പല രാജ്യങ്ങളുമായി സ്വതന്ത്രവ്യാപാരക്കരാർ ഒപ്പിട്ടിട്ടുണ്ട്. എന്നാൽ ഇതേ രീതിയിൽ ഇന്ത്യയുമായി അടുത്ത കാലത്ത് ഒപ്പിട്ട സ്വതന്ത്രവ്യാപാരകരാർ വളരെയധികം വിമർശനങ്ങൾ നേരിട്ടെങ്കിലും രണ്ടായിരത്തിപ്പത്തോടെ പ്രാബല്യത്തിൽ വരും.

ഈ കരാർ മൂലം ഇന്ത്യക്ക് ഇപ്പോഴീ രാജ്യങ്ങളോടുള്ളതിലും വളരെയധികം വ്യാപാരം താരിഫുകളില്ലാതെ നടത്തുവാൻ സാധിക്കും. അത് ഇന്ത്യക്കും അതേപോലെ ആസിയാൻ രാജ്യങ്ങൾക്കും പല ഗുണങ്ങളും ഉണ്ടാവും. എന്നാൽ കേരളത്തിന് പ്രത്യേകിച്ച് കേരളത്തിലെ കാർഷിക മേഖലക്ക് പല ദോഷങ്ങൾ ഈ കരാർ മൂലം ഉണ്ടാകും. എന്നാൽ ഈ കരാർ ഒപ്പിട്ടുകഴിഞ്ഞതിനാൽ ഇനി അവയെക്കുറിച്ച് ചിന്തിച്ചിട്ട് കാര്യമുണ്ടാവില്ല. കേരളത്തിലെ കർഷകർക്ക് എങ്ങനെ ഈ കരാർ മൂലമുള്ള ബുദ്ധിമുട്ടുകളെ തരണം ചെയ്യുവാൻ സാധിക്കും എന്നതാണ് പ്രാധാന്യമർഹിക്കുന്ന വിഷയം.

കേരളം വിദേശ അധിനിവേശ കാലഘട്ടത്തിന് മുൻപ് തന്നെ നാണ്യവിളകൾക്ക്, പ്രത്യേകിച്ച് സുഗന്ധവ്യഞ്ജനങ്ങൾക്ക് പേരുകേട്ടതാണ്. ചരിത്രാതീത കാലമുതൽ തന്നെ പല സുഗന്ധവ്യഞ്ജനങ്ങളും കേരളത്തിൽ കൃഷി ചെയ്തിരുന്നു എന്നതിന് തെളിവുകളുണ്ട്. ഈ സുഗന്ധ വ്യജ്ഞനങ്ങൾ പണ്ട് കാലങ്ങളിൽ ഈജിപ്തിൽ നിന്ന് പോലും വന്ന് വാങ്ങിയിരുന്നു.
ബ്രിട്ടിഷ് അധിവേശകാലത്ത് റബ്ബറും ഒരു വിളയായി കേരളത്തിൽ കൃഷി ചെയ്ത് തുടങ്ങി.
ഇതുകൊണ്ടെല്ലാം തന്നെ കേരളത്തിന്റെ സമ്പദ്‌വ്യവസ്ഥ പണ്ട് മുതൽ തന്നെ ഈ നാണ്യവിളകളിൽ അടിസ്ഥാനമാക്കിയതായിരുന്നു. ആസിയാൻ രാജ്യങ്ങളിൽ പലതും കേരളം പോലെ സുഗന്ധവ്യഞ്ജനങ്ങളും മറ്റ് നാണ്യവിളകളും ഉത്പാദിപ്പിക്കുന്നവയാണ്. ഈ രാജ്യങ്ങളിലെ കൂടിയ ഉത്പാദനശേഷിയും കുറഞ്ഞ ഉത്പാദനചിലവും മൂലം നികുതിയില്ലെങ്കിൽ കേരളത്തിലെ ഉത്പന്നങ്ങളുടെ വിലയിൽ കുറഞ്ഞ വിലയിൽ ലഭ്യമാകും. ഇത് തന്നെയാണ് കേരളത്തിലെ കർഷകർ ഭയക്കുന്നതും.

എന്നാൽ ആഗോളികരണത്തിന്റെ ഈ കാലഘട്ടത്തിൽ കേരളത്തിലെ വില എന്നതിലപ്പുറം ലോക കമ്പോളത്തിൽ ഈ രാജ്യങ്ങളിലെ ഉത്പന്നങ്ങളുമായി മത്സരിക്കണമെങ്കിൽ ആ രാജ്യങ്ങളിലെപ്പോലെ തന്നെ ഉത്പാദനം വർദ്ധിപ്പിക്കുകയും ഉത്പാദനച്ചിലവ് കുറക്കുകയും വേണം. അതുകൊണ്ട് തന്നെ ഇത്തരം കരാറുകളെ എതിർക്കുന്നതിന് പകരം കേരളത്തിലെ ഉത്പന്നങ്ങളെ ആഗോള വിപണിക്ക് അനുയോജ്യമായ രീതിയിൽ ഉത്പാദിപ്പിക്കുന്ന ഒരു രീതി അത്യന്താപേക്ഷിതമാണ്.

എന്നാൽ വ്യവസായത്തെ അകമഴിഞ്ഞ് പ്രോത്സാഹിപ്പിക്കുന്ന ഒരു രീതിയിൽ നിന്ന് മാറി കൃഷിക്ക് പ്രാധാന്യം കൂട്ടിയുള്ള ഒരു സാമ്പത്തിക പദ്ധതി ഉണ്ടാക്കുകയാണ് ആദ്യമായി ചെയ്യേണ്ടത്. സർക്കാർ സഹായത്തോടെ കാർഷിക മേഖലയിൽ പ്രത്യേകിച്ച് ചെറുകിട കർഷകരുടെയിടയിൽ യന്ത്രവത്കരണം നടപ്പാക്കണം. ഇത്തരം ചെറുകിട കർഷകരുടെയിടയിൽ സഹകരണ സംഘങ്ങളിലൂടെ യന്ത്രങ്ങളും മറ്റ് മൂലധന സഹായങ്ങളും നൽകുകയും ചെയ്യുന്നത് ഉത്പാദനച്ചിലവ് കുറയ്ക്കുവാൻ സഹായിക്കും.

അതേപോലെ തുള്ളിനനയും പ്രിസിഷൻ ഫാമിങും പ്രോത്സാഹിപ്പിക്കുകയും ഇവയുടെ ആദ്യകാല മൂലധന നിക്ഷേപം സബ്സിഡികളിലൂടെ കുറയ്ക്കുകയും അത്തരം കാർഷിക രീതികളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നത് ഉത്പാദനക്ഷമത വർദ്ധിപ്പിക്കുവാൻ സാധിക്കും. തമിഴ്നാട് സർക്കാരിന്റെ ഇത്തരം പ്രവർത്തനങ്ങൾ കേരളത്തിന് മാതൃകയാകാവുന്നതാണ്. പ്രിസിഷൻ ഫാമിങ്ങിലൂടെ മാത്രം 10 ശതമാനത്തോളം വിളവ് വർദ്ധിപ്പിക്കുവാനും വളം ജലം മുതലായവയുടെ ദുരുപയോഗം കുറക്കുവാ‍നും തമിഴ്നാട്ടിലെ കൃഷ്ണഗിരിയിലേയും ധർമ്മപുരിയിലേയും കർഷകർക്ക് സാധിച്ചു എന്നത് കേരള കർഷകർക്ക് ഒരു മാതൃകയാണ്. കേരളത്തിലെ കർഷകർ ഇന്നും വിളവ് വർദ്ധിപ്പിക്കുവാൻ കൂടുതൽ വളം എന്ന മന്ത്രമാണ് കൃഷിയിൽ ഉപയോഗിക്കുന്നത്. ഇത്തരം ആധുനിക കൃഷിയുടെ പ്രോത്സാഹനം കേരളത്തിന്റെ നാണ്യവിളകളേയും സഹായിക്കും.

ഇന്ന് കേരളത്തിലെ കർഷകതൊഴിലാളിക്ഷാമമവും ഉയർന്ന പ്രതിഫലവുമാണ് ഉത്പാദനച്ചിലവ്  ഒരു പരിധി വരെ വർദ്ധിപ്പിക്കുന്നത്. മുൻപ് പറഞ്ഞത് പോലെ യന്ത്രവത്കരണമാണ് ഈ പ്രശനത്തിനുള്ള ഏക പരിഹാരം. അതേസമയം അമിതമായ രാസവളപ്രയോഗങ്ങൾ ഇല്ലാതെയാക്കി കർഷകന് സ്വയം ഉത്പാദിപ്പിക്കാവുന്ന ജൈവവളങ്ങളുടെ ഉപയോഗവും ഉത്പാദനച്ചിലവ് കുറയ്ക്കുവാൻ സഹായിക്കും.തുടരും...

അവലംബം

http://ml.wikipedia.org/wiki/Indo-Asean_trade_treaty
http://sify.com/finance/india-asean-free-trade-agreement-to-come-into-force-in-january-2010-news-news-jlxsudjajdj.html
http://www.business-standard.com/india/news/gom-to-address-kerala-farmers-concernsindia-asean-pact/364924/
http://www.indiatogether.org/2007/jul/agr-tradefarm.htm
http://www.financialexpress.com/news/column-why-kerala-opposes-asean-fta/496137/
http://www.financialexpress.com/news/asean-fta-wont-hurt-kerala-farmers/509584/
http://www.centad.org/tradenews_776.asp
http://en.wikipedia.org/wiki/ASEAN
കർഷകശ്രീ മാസികയുടെ വിവിധ ലക്കങ്ങൾ

3 comments:

അച്ചായന് said...

കേരളം വിദേശ അധിനിവേശ കാലഘട്ടത്തിന് മുൻപ് തന്നെ നാണ്യവിളകൾക്ക്, പ്രത്യേകിച്ച് സുഗന്ധവ്യഞ്ജനങ്ങൾക്ക് പേരുകേട്ടതാണ്. ചരിത്രാതീത കാലമുതൽ തന്നെ പല സുഗന്ധവ്യഞ്ജനങ്ങളും കേരളത്തിൽ കൃഷി ചെയ്തിരുന്നു എന്നതിന് തെളിവുകളുണ്ട്

SAMAD IRUMBUZHI said...

അച്ചായാ, വളരെ വൈകിയാണ് ഞാന്‍ ഇവിടെ എത്തിയത്.

" കേരളത്തിലെ കർഷകർക്ക് എങ്ങനെ ഈ കരാർ മൂലമുള്ള ബുദ്ധിമുട്ടുകളെ തരണം ചെയ്യുവാൻ സാധിക്കും എന്നതാണ് പ്രാധാന്യമർഹിക്കുന്ന വിഷയം..........."

"അതുകൊണ്ട് തന്നെ ഇത്തരം കരാറുകളെ എതിർക്കുന്നതിന് പകരം കേരളത്തിലെ ഉത്പന്നങ്ങളെ ആഗോള വിപണിക്ക് അനുയോജ്യമായ രീതിയിൽ ഉത്പാദിപ്പിക്കുന്ന ഒരു രീതി അത്യന്താപേക്ഷിതമാണ്....................." വളരെ കുറഞ്ഞ ഒരു സമയ പരിധിക്കുള്ളില്‍ കേരളത്തിലെ കാര്‍ഷിക മേഖലയെ ഉദ്ധരിക്കാന്‍ കഴിയുമെന്ന് അച്ചായന് തോന്നുന്നുണ്ടോ..?


"എന്നാൽ ഈ കരാർ ഒപ്പിട്ടുകഴിഞ്ഞതിനാൽ ഇനി അവയെക്കുറിച്ച് ചിന്തിച്ചിട്ട് കാര്യമുണ്ടാവില്ല..................".ഇതും അച്ചായന്‍ പറഞ്ഞതല്ലേ....?

അച്ചായന് said...

karaar thudangunnathinu kaalavadhikkullil cheyyanam ennu njan parayilla. pakshe athinu sheshamaayalum nammude krishiye nashikkaan vidano?